കൊലവിളി നടത്തിയ വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു; സംഭവത്തിൽ മാനസാന്തരമുണ്ടെന്ന് വിദ്യാര്‍ത്ഥി

പാലക്കാട് അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയ വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അടുത്ത ദിവസം ചേരുന്ന പിടിഎ മീറ്റിങ്ങില്‍ തുടര്‍നടപടികള്‍ ആലോചിക്കും. അതേസമയം അധ്യാപകനോട് കൊലവിളി നടത്തിയതിൽ മാനസാന്തരമുണ്ടെന്ന് വിദ്യാര്‍ത്ഥി. തൃത്താല പൊലീസ് വിളിച്ചുവരുത്തിയപ്പോഴാണ് വിദ്യാര്‍ത്ഥി പിഴവ് തുറന്ന് പറഞ്ഞത്. ഫോണ്‍ വാങ്ങിവെച്ച് വഴക്ക് പറഞ്ഞതിൻ്റെ ദേഷ്യത്തില്‍ പറഞ്ഞുപോയതാണെന്നും പറഞ്ഞ കാര്യങ്ങളെല്ലാം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറാണെന്നും വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു. കൂടാതെ തനിക്ക് അതേ സ്‌കൂളില്‍ തന്നെ തുടര്‍ന്ന് പഠിക്കാനുള്ള അവസരം നല്‍കാനും ഇടപെടണമെന്ന് വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞു. വിദ്യാര്‍ഥിക്കെതിരായ അദ്ധ്യാപകരുടെ പരാതിയില്‍ പ്രഥമദൃഷ്ട്യാ കേസെടുക്കാനാകില്ലെന്ന് തൃത്താല സിഐ അറിയിച്ചു.

ആനക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയത്. സംഭവത്തിൽ അധ്യാപകർ തൃത്താല പൊലീസിൽ പരാതി നൽകിയിരുന്നു. സ്‌കൂളിന് പുറത്തിറങ്ങിയാൽ തീർക്കുമെന്നായിരുന്നു വിദ്യാർത്ഥി പറഞ്ഞത്. ഇതിൻറെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Post a Comment

Previous Post Next Post