പാലക്കാട്: മൊബൈൽ ഫോൺ പിടിച്ചെടുത്ത സ്കൂൾ പ്രിൻസിപ്പലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ വിദ്യാർഥി മാപ്പുചോദിച്ചു. വിദ്യാർഥിയോട് ക്ഷമിച്ചുവെന്ന് അധ്യാപകൻ അറിയിച്ചതോടെ സസ്പെൻഷൻ നടപടി ഉണ്ടാകില്ലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. കുട്ടിക്ക് കൗൺസിലിംഗ് അടക്കം നൽകാൻ പിടിഎ യോഗം ചേർന്ന് തീരുമാനിച്ചതായും പ്രിൻസിപ്പൽ പറഞ്ഞു. കുട്ടിയെ അകറ്റിനിർത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദൃശ്യങ്ങൾ പകർത്തിയത് കുട്ടിയുടെ വിദേശത്ത് ജോലി ചെയ്യുന്ന പിതാവിന് അയച്ചുകൊടുക്കാനാണെന്നും കുട്ടിയെ സസ്പെൻഡ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'എപ്പോഴും കുട്ടിയെ ശ്രദ്ധിക്കാറുണ്ട്. എന്നോട് കുട്ടി ദോഷ്യപ്പെട്ടപ്പോൾ അവിടെ ഉണ്ടായിരുന്ന അദ്ധ്യാപകനാണ് വീഡിയോ എടുത്തത്. സ്കൂളിന്റെ ഭാഗത്ത് നിന്ന് വീഡിയോ ചോർന്നിട്ടില്ല. കുട്ടിയുടെ പിതാവിനും മാതാവിനും പൊലീസിനും മാത്രമാണ് വീഡിയോ അയച്ചുകൊടുത്തത്. എവിടെ നിന്ന് ചോർന്നുവെന്ന് എനിക്ക് ഉറപ്പില്ല. അതിനാൽ അതിൽ മറുപടി പറയുന്നില്ല.
ഫോൺ തിരികെ തരില്ലെന്ന് ഞാൻ കുട്ടിയോട് പറഞ്ഞിട്ടില്ല. ഫോൺ തരണമെങ്കിൽ മാതാപിതാക്കൾ വരണമെന്നാണ് ഞാൻ പറഞ്ഞത്. കുട്ടി ഇപ്പോൾ മാപ്പ് ചോദിച്ചു. മാപ്പ് ഒന്നും പറയേണ്ടയെന്ന് ഞാൻ പറഞ്ഞു. അവന്റെ സാഹചര്യം മെച്ചപ്പെടുത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്. വീഡിയോ പ്രചരിച്ചത് കൊണ്ട് കുട്ടിക്ക് വിഷമമുണ്ട്. അതാണ് രണ്ട് ദിവസം സ്കൂളിൽ വരാത്തത്. കുട്ടിക്ക് കൗൺസിലിംഗ് നൽകും. ചെയ്തത് തെറ്റാണെന്ന് കുട്ടിക്ക് മനസിലായി. പൊലീസിൽ പരാതി അല്ല നൽകിയത്. ഇങ്ങനെ ഒരു സംഭവം നടന്നുവെന്ന് റിപ്പോർട്ടാണ് നൽകിയത്; പ്രിൻസിപ്പൽ വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാലക്കാട് ആനക്കര ഗവ.ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥി പ്രിൻസിപ്പലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ക്ലാസിലേക്ക് കൊണ്ടുവന്ന മൊബൈൽഫോൺ പിടിച്ചെടുത്തതിനെ തുടർന്നായിരുന്നു വിദ്യാർഥിയുടെ പ്രകോപനം.
Tags
palakkad